Thursday, April 28, 2011

നാണമില്ലേ കശുമാവേ... എന്റോസള്‍ഫാന്‍ തെളിച്ച ബ്ലോഗും അഞ്ചരക്കണ്ണന്മാരും

നാണമില്ലേ കശുമാവേ,
പെണ്ണുങ്ങളു പോണ വഴിയിലിങ്ങനെ
അണ്ടിയും തൂക്കി നില്‍ക്കാന്‍...

പണ്ടൊരു കവി പാടിയതിനെ ആവര്‍ത്തിച്ചു പാടുന്നു ബ്ലോഗിലും ബസ്സിലുമൊക്കെ ചിലര്‍, കശുമാവിനോടല്ല അഞ്ചരണ്ടി സുമാരന്‍ തമ്പ്രാനോട്. ഒരാളെയിങ്ങനെ അധിക്ഷേപിക്കുന്നതിനോട് കിളിയെതിരാണ്. നിലപാടുകള്‍ വികാരങ്ങള്‍ക്കടിപ്പെട്ടുകൊണ്ടാകേണ്ടതില്ലെന്നും, ഏതെതിര്‍പ്പിനു മുന്നിലും നട്ടെല്ലു നിവര്‍ന്നു നിന്ന് അത് പ്രകടിപ്പിക്കണമെന്നും കിളി ഗോര ഗോരം ഗര്‍ജ്ജിക്കുന്നു.

അങ്ങിനെയാണേല്‍ ചേട്ടന്റെ വീട്ടിലെ ചെടികളില്‍ എന്‍ഡോ സല്‍ഫാന്‍ കൊണ്ടുപോയി തെളിയെന്ന ബാലിശമായ കമന്റിന് ഇന്ത്യയെ മൊത്തം ബാധിക്കുന്ന പ്രശ്നത്തെ ഒരു കുടുംബത്തിലേക്കൊതുക്കല്ലേ എന്ന മറുപടികൊണ്ട് തളച്ചിട്ടതിലെ സന്തോഷം എങ്ങിനെ പ്രകടിപ്പിച്ചാലാണ് മതിയാവുക എന്ന് കിളിക്കു തിട്ടമില്ല. കിളി ഓര്‍ത്തു പോകുകയാണ്... പ്രശംസിച്ചു പോകയാണ് മേലേ ശ്ലോകകാരനെ. പരസ്യമായി അങ്ങേരെങ്ങാനും വെല്ലുവിളി ഏറ്റെടുത്ത് ആരും എന്‍ഡോസല്‍ഫാനെ അത്രമേല്‍ ഭയപ്പെടേണ്ടതില്ലെന്നും, നാളെമുതല്‍ ഞാന്‍ പരസ്യമായി എന്റെ ചെടികളില്‍ ഇതു തെളിക്കാന്‍ പോവുകയാണെന്നു, സാക്ഷാല്‍ഗാന്ധിയെപ്പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നുമൊക്കെ തട്ടിവിട്ടാല്‍ കിളി കുടുങ്ങിപ്പോയേനെ, ഒരു പോസ്റ്റിടാന്‍ വേറെ...

അല്ലേലും, കേരളത്തിലെ ഒരേ ഒരു ഗാന്ധിയന്‍ ഇരകളുടെ പക്ഷത്തു നിലയുറപ്പിക്കുക, ച്ഛേയ്... അപ്പ മുതലാളിമാരെന്തു ചെയ്യും

പാലക്കാട്ടു നിന്നെത്തിയ ക്ഷീരകര്‍ഷകരുമായി നടത്തിയ അഭിമുഖത്തില്‍ അവര്‍ എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങളെക്കുറിച്ചു വര്‍ണ്ണിച്ചതു കേട്ട് ഇങ്ങേര്‍ കോള്‍മയിര്‍ കൊണ്ടെന്നെഴുതിയതു വായിച്ചപ്പോള്‍ അറിയാതെ കിളിക്കും കോള്‍...

എന്തെരായാലും സുഹൃത്തുക്കളേ വല്ല്യ നിലപാടുള്ളവരെ അതിനു തക്ക ബഹുമാനം കൊടുത്ത് വേണം നാമൊക്കെ കൈകാര്യം ചെയ്യാന്‍. നാളെ സുധീരന്റെ സീറ്റിലോട്ടെങ്ങാന്‍ കയറിയിരുന്ന് വല്ല കേന്ദ്രോനും ആയാല്‍ കുടുമ്മത്തുകയറി എന്‍ഡോസള്‍ഫാന്‍ തളിക്കാതിരിക്കാനെങ്കിലും....

Friday, November 27, 2009

ഐ.ടി നിയമം ആരുടെ അച്ഛന്റേതാണ്??

ദേശാഭിമാനിയില്‍ പണിയെടുക്കുന്ന ഒരു എഴുത്തു തൊഴിലാളിയുടെ ബ്ലോഗില്‍ ഈ അടുത്തൊരു ഫീഷണി കണ്ടു. കിളിക്ക് നേതാവെന്നു തോന്നാത്ത (സഖാവ്, നേതാവ് ഇതിനൊക്കെ കിളി ചിലരെ മനസില്‍ പ്രതിഷ്ടിച്ചു പോയതിന്റെ കുഴപ്പം) ഒരു നേതാവിന്റെ വീടിന്റെ പടമാണെന്നു പറഞ്ഞ് ഏതോ പടം നെറ്റില്‍ കറങ്ങി നടന്നതിന്റെ തെളിവുശേഖരണോദ്ദേശ്യാര്‍ത്ഥം, ഞാന്‍ മാത്രം ബുദ്ധിയുള്ളവന്‍ മറ്റുള്ളവരൊക്കെ വിഡ്ഢി എന്ന സിപീ‌എമ്മിയന്‍ പൊതുധാരണപ്രകാരം പോസ്റ്റു ചെയ്ത ഒന്ന്. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവന്റെ, അവന്റെ ആശ്രിതന്മാരുടെ ഒക്കെ ഉത്കണ്ടകള്‍, കണ്ണില്‍ പൊടിയിടീലുകള്‍ ഒക്കെ കിളിക്കു മനസ്സിലാകും. അതുകൊണ്ടു തന്നെ കിളി അവഗണിച്ച ഒരു പോസ്റ്റ്.

എന്നാല്‍ ഇപ്പോള്‍ കിളിയെ പ്രകോപിപ്പിച്ചത് പ്രസ്തുത പോസ്റ്റില്‍ വന്ന ഒരു കമന്റാണ്. ഐടി നിയമവും മറ്റ് അത്തി, ഇത്തി, അരയാല്, പേരാല് മുതലായവയൊക്കെ വിശദമാക്കി നെറ്റ് ഉപയോക്താക്കളെ വരച്ച വരയില്‍ നിര്‍ത്താനുള്ള പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ ഭാഗമായ പോസ്റ്റില്‍ വന്ന ഒരു പച്ചത്തെറികമന്റ് മലയാളം ബ്ലോഗില്‍ ഏറെക്കാലമായി മാന്യമായി ബ്ലോഗുചെയ്യുന്ന ഒരു ബ്ലോഗറെ അത്യധികം ആക്ഷേപിക്കുന്നതാണ്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ പ്രകൃയകളും കുറഞ്ഞവാക്കുകള്‍ ഉപയോഗിച്ച് വിശദീകരിക്കുന്ന പ്രസ്തുതകമന്റ് (കൂടാതെ ആ കന്റിട്ടയാളുടെ വീട്ടുവിശേഷങ്ങളും, മറ്റൊരാളില്‍ ആരോപിച്ചുകേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരിതിന് കൂട്ടിച്ചേര്‍ത്തത്) അവിടെ തന്നെ നിലനിര്‍ത്തിയ ഈ ബ്ലോഗറെപ്പോലുള്ളവരെ എന്തു പേരിട്ട് വിളിക്കണം എന്ന് നിങ്ങള്‍ ഊഹിച്ചു പോയത് എന്റെ തെറ്റല്ല. പി.എം മനോജ് എന്ന ആ ബ്ലോഗര്‍ക്ക് നിയമങ്ങള്‍ അധികാരത്തെ
സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും ഏതുകാലത്തും താന്‍ വിശ്വസിക്കുന്ന പാര്‍ടി അധികാരത്തിലുണ്ടാകുമെന്നും തനിക്ക് ഏതുകാലവും ദേശാഭിമാനിയില്‍ പണിയുണ്ടാകുമെന്നും വിശ്വസിക്കാനുള്ള അവകാശമുള്ളതുപോലെ അതങ്ങിനെ തന്നെ ആയിരിക്കണമെന്നില്ല എന്ന് ഓര്‍മ്മിപ്പിക്കുവാനുള്ള അവകാശം കിളിയും ഉപയോഗിക്കുകയാണ് ഇവിടെ.

താത്പര്യം ഇല്ലാതിരുന്ന ഒരു വിഷയത്തില്‍ ഇടപെടേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും പണ്ട് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നത് ഓര്‍ത്തുകൊണ്ട്

ആദ്യം അവര്‍ ജൂതരെ തേടിവന്നു; ഞാന്‍ ശബ്ദിച്ചില്ല,
കാരണം ഞാനൊരു ജൂതനല്ലായിരുന്നു;
പിന്നീട്‌ അവര്‍ കമ്യൂണിസ്റ്റുകളെ തേടിവന്നു;
ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു;
പിന്നെ അവര്‍ ട്രേഡ്‌യൂനിയന്‍കാരെ തേടിവന്നു,
ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു ട്രേഡ്‌യൂനിയന്‍കാരനല്ലായിരുന്നു;
പിന്നീട്‌ അവര്‍ എന്നെത്തേടിവന്നു,
പക്ഷേ, അപ്പോള്‍ എനിക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ആരും ശേഷിച്ചിരുന്നില്ല.

അടങ്ങുകിളീ, അടങ്ങ്... റിവേഴ്സ് ഗിയറിന്റെ കാലമാണെന്ന് കിളീന്റെ മാഷ് ഉപദേശിച്ചിട്ടും...

Monday, October 26, 2009

അപ്പുരാവ്ത്തര് ബൂലോകത്തെ ആറരാം വര്‍ഷത്തിലേക്ക് അപ്പുക്കിളിക്ക് ആശംസകള്‍ അറിയിക്കാം....

അപ്പുരാവ്ത്തര് ബൂലോകത്തെ ആറരാം വര്‍ഷത്തിലേക്ക്

ബൂലോകത്ത് ആറു വര്‍ഷവും അഞ്ചരമാസവും തികഞ്ഞ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കിത്തരാമെന്നേറ്റിരുന്ന ബ്ലൂമൂത്രം മാസികക്കാര്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന്റെ പേരില്‍ അപ്പുക്കിളി തന്നെ അപ്പുക്കിളിയുടെ സ്വന്തം ബ്ലോഗില്‍ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കുകയാണ്. ..കിളിയുടെ ആറര വര്‍ഷക്കാലത്തെ ബൂലോകപ്രവര്‍ത്തനം നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?എന്തൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ടുനല്‍കാനുണ്ട്?ഇതിനെല്ലാമായി ഇവിടെ നിങ്ങളുടെ ആശംസകള്‍ അറിയിക്കുക....... അതിനായി ഇവിടെ കമെന്റായി അഭിപ്രായം അറിയിക്കുക.

ഗൂഗിളിന്റെ റെഫറല്‍ ലൈബ്രറിയില്‍ സൂക്ഷിക്കുന്നതിനുവേണ്ടി അപ്പുക്കിളിയുടെ പഴയ ബ്ലോഗ് അവര്‍ തിരികെ വാങ്ങിയതിനാല്‍ കിളിയുടെ പഴയപ്രൊഫൈലിന്റെ ഒരു സ്ക്രീന്‍ഷോട്ട് താഴെക്കൊടുത്തിട്ടുണ്ട്. കണ്ടു വിശ്വാസപ്പെടുക. ആശംസകള്‍ അറിയിക്കുക.

Saturday, October 24, 2009

തൊലിക്കട്ടി ഒരു വൈരൂപ്യമല്ല...

തൊലിക്കട്ടി ഒരു വൈരൂപ്യമല്ല
ഒരു ദേഹകലയാണ്....

ഈ അടുത്തിടെ ഭാഷാപോഷിണിയില്‍ വന്ന ഒരു വിമര്‍ശനത്തില്‍ നിന്നാണ്. കിളി ആദ്യം നിരീച്ചത് ബ്ലോഗിലെ വല്ല കവികളെക്കുറിച്ചോ (പണ്ടാരമടങ്ങാന്‍ വല്ല പേരും വിളിച്ചു പറഞ്ഞേക്കരുത്, ഉദാരണത്തിന്) വിമര്‍ശകകൂശ്മാണ്ടങ്ങളെക്കുറിച്ചോ ആകുമെന്നല്ല്ലേ... അല്ലാരുന്നു. സത്യമായും അല്ലാരുന്നു.

കിളിയെന്തിന് വിമര്‍ശകകൂശ്മാണ്ടങ്ങളെ എടുത്തുപറഞ്ഞെന്ന് സന്ദേഹിച്ചു ല്ലേ. കിളിക്കവരോട് പ്രത്യേകിച്ചൊരു വിരോധൊന്നുല്ല്യാട്ടാ. അല്ലേലും വിരോധിച്ചിട്ടെന്തൂട്ടിനാ? കിളീടെ പാട്ട് പണ്ടും ഇന്നും ഒരേ പോലന്നെ. അപ്പൊ പിന്നെ അതിന് വൃത്തല്ല്യ, താളം പോരാ‍ന്നൊക്കെ ഇവറ്റാള്ക്ക് പറയാന്‍ പറ്റ്വോ? ന്ന്വച്ചാല്‍ പറഞ്ഞിട്ടും കാര്യല്ലാ ന്നന്നെ. തൊള്ളേ തോന്നണത് കിളിക്ക് പാട്ട്.

അല്ലാച്ചാ ഇങ്ങളൊന്ന് ചിന്തിച്ചോക്കീന്‍, പുത്യ കാലത്തില് പുത്യ എഴുത്ത്ണ്ടാവണത് തെറ്റാ? മുത്തശ്ശിപത്രത്തിന്റെ നൂറ്റാണ്ടു പഴക്കള്ള ഏതെങ്കിലും ഏടുകിട്ട്യാല്‍, ശോ ഇതല്ലാരുന്നോ യഥാര്‍ത്ഥമലയാളം, പിന്നെന്തിനാ ഈ പണ്ടാരങ്ങള് ഇങ്ങനൊക്കെ മാറ്റ്യേ ന്ന് ഈ വിമര്‍ശപണ്ടാരങ്ങള് കുത്തിരുന്ന് ചിന്തിക്ക്യോ? ശാസനങ്ങളിലെഴുതിവച്ച ഇണ്ടാസുമലയാളം തന്നെ ഇന്നും വേണമെന്ന് ഇവറ്റോള് വാദിക്ക്യോ? അപ്പ പിന്നെ കവിതേലും കാലഘട്ടത്തിന്റെ മാറ്റോ അടയാളോ എന്താന്ന്വച്ചാ വന്നു ചേര്ണേന് ഇവറ്റോള്ക്കെന്താ വട്ടാ? ഹല്ല കിളിക്ക് അറിയേമ്മേലാഞ്ഞിട്ട് ചൊറിഞ്ഞതാ.

കിളീന്റൊര് മാഷ് അടുത്തിടെ പറഞ്ഞൊര് സംഗതീണ്ട്. അത്പ്പെങ്ങനാ പറഞ്ഞ് വെക്ക്യാ. അതായത്, ഇമ്മള്പ്പോ പരിചയിച്ചോണ്ടിരിക്കണ സംഗത്യോള്, അതായത് കഥ്യേണങ്കെ കഥ, കവിതേണെങ്കി കവിത. അതിന് ഒരു രീതിണ്ട്. മേജറായ ഒരു രീതി. അതിന്റെടേലേക്ക് മൈനറായ ഒരു രീതി പഴയ രീതീന്റെ മെച്ചൂരിറ്റി ടൈമില്‍ തന്നെ ഇമ്പ്ലിമെന്റാവൂത്രേ. അപ്പൊ മേജറായ രീതിയെ പരിചയിക്കുകയും അതില്‍ വളരെ പ്രാഗല്‍ഭ്യമാര്‍ജ്ജിച്ചവരും ഈ പുതിയ രീതിയെ എതിര്‍ക്കും. പക്ഷേ ഏതുകാലത്തെ ചരിത്രം എടുത്തുനോക്ക്യാലും ആ കാലത്തിന്റെ മൈനറായിരിക്കുന്ന സംഗതിയായിരിക്കും തിളങ്ങി നില്‍കുക. എന്നാല്‍ ഈ മൈനറായ രീതി പിന്നീട് മേജറായി തീരുകയും ഈ പ്രോസസ് ഇങ്ങിനെ തുടര്വേം ചെയ്യുമെന്നത് സത്യം. അതോണ്ടന്നെ കവിതേന്റെടേല് ‘മധുസൂദനന്‍ നായര്‍ക്ക് കാട്ടാക്കട മുരുകനിലുണ്ടായ കുട്ട്യോളന്നെ മെകച്ചതെന്ന്’(കട: കിളീന്റെ ഒര് സുഹൃത്ത്) പറേണ എന്റെ വിമര്‍ശകമണുക്കൂസ്വാളോട് കൂടുതലെന്താ പറയാ.

താളം വേണം രാഗം വേണം എന്നെക്കേള്ള ഇവറ്റാള്ടെ നിര്‍ബന്ധം കണ്ടോണ്ടാ‍ കിളി ഇത്രേം പറഞ്ഞതിട്ടാ. ഓര്, ഈ താളല്ല്യായ്മേം രാഗല്ല്യായ്മേമൊക്കെ ബ്ലോഗു വന്നോണ്ടാ കൂട്യേത് ന്ന് നീരീച്ചത് കിളിക്കൊട്ടും പിടിച്ചില്ലാട്ടാ. എഡിറ്ററില്ലാത്തോണ്ട് എന്തും എഴുതാംന്നും പോസ്റ്റാം ന്നും വന്നോണ്ടാണ് ഇത്ണ്ടായീന്ന്. നെലവാരല്ല്യാത്ത എഴുത്ത് ഏതുകാലത്തും ഇണ്ടായീണ്ട് ന്നന്നെ കിളീന്റെ നെലപാട്. നെലവാരല്ല്യാത്തതും കോപ്പ്യടിച്ചതൊന്നും അച്ചടീല് വരാറില്ലെന്നാ?? കോപ്പ്യടീം നെലവാരല്ല്യായേം ബ്ലോഗില്ണ്ടായാല് അയ്ന്റടീല് കമന്റു പെട്ടീന്റകത്ത് ആര്‍ക്കും എഴ്തി വെക്ക്യാലോ നെലവാരം പോര, ഈച്ചക്കോപ്പീന്നൊക്കെ. ഗൂഗിളമ്മച്ചിയോട് സംശം നിവര്‍ത്തിക്കേം ആവാം. എന്നാല് പ്രിന്റില്, എഡിറ്ററ്‌ള്ള പ്രിന്‍ഡില്, നെലവാരം ചോരാത്ത പ്രിന്‍ഡില്, മഹാകവ്യോള് എഴുതിതെളിഞ്ഞ പ്രിന്‍ഡില് ആര്ണ്ട് ഇതൊക്കെ നോക്കാന്‍.ചെലപ്പൊ ഒരു പനച്ച്യോ മറ്റോ ‘ചൂണ്ടണ’ ചൂണ്ട്യാലായീ...



ഇനി കിളിയറിഞ്ഞ ഒരു പരസ്യം രഹസ്യായി. ഈടെ വിമര്‍ശം കൊണ്ടന്നോര് പലരും പ്രിന്‍ഡില് കൊറേശെ ക്ലച്ച്ണ്ടാര്ന്നോരാ. പ്രിന്‍ഡിലെ കുറുക്കു വിദ്യോള് ഈടെ ഏശാണ്ടെ വന്നേന്റെ കലിപ്പ് തീര്‍ത്തത്, അല്ലാണ്ടെന്ത്?

Wednesday, July 8, 2009

മാരീചനിതെന്തുപറ്റി?


രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ....
എങ്ങിനെ ഓര്‍ക്കാതിരിക്കും. വിലസുവല്ലായിരുന്നോ, വിലസ്. ഹെന്തായിരുന്നു... ആക്ഷേപം, ഹാസ്യം, പരിഹാസം, രാഷ്ട്രീയം പിന്നെ വെല്ലുവിളിയും. ഇത്തിരി ഗുണ്ടായിസമൊക്കെയുണ്ടെന്ന് ഈ അടുത്തല്ലിയോ ബോധ്യം വന്നത്. അല്ല പറഞ്ഞിട്ടു കാര്യമില്ല. ചില തോല്‍‌വികള്‍ മനുഷ്യന്റെ സമനില തെറ്റിക്കുന്നത് സര്‍വ്വ സാധാരണമാണല്ലോ. അങ്ങിനെയല്ലാതിരിക്കണമെങ്കില്‍ അങ്ങേര് മനുഷ്യനല്ലാതിരിക്കണം എന്നാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍ കിളിപ്പാട്ടില്‍ പറ്ഞ്ഞിട്ടുള്ളത്, അല്ലേ....

അപ്പൊ പറഞ്ഞുവന്നത് മാരീചനിഗ്രഹത്തെക്കുറിച്ച്.

ആരെയും നിഗ്രഹിക്കാന്‍ കെല്‍പ്പുള്ള ശക്തിയായിരുന്നെന്നായിരുന്നു അഹംബോധം. കൂട്ടിന് സംഘബലവുമുണ്ടായിരുന്നു. ഏത് ഏടാകൂടത്തേയും സംഘബലം ഉപയോഗിച്ച് മറികടക്കുന്ന നവമാര്‍ക്സിയന്‍ കുതന്ത്രവും വശമുണ്ടായിരുന്നു. എന്തു ചെയ്യാന്‍ അടിപതറിപ്പോയി.

ഹല്ല, ഈ കിളിക്കിതെന്തു പറ്റിയെന്നാണ് വായനക്കാരന്റെ സന്ദേഹമെങ്കില്, കിളിക്കൊന്നും പറ്റിയതല്ല കൂട്ടരേ, നിങ്ങളൊന്ന്
ഈ വഴി പോയി നോക്കൂ. ഇത്രയും നാള് മറ്റുള്ളവര്‍ക്കുനേരെ ഒളിയമ്പെയ്തിട്ട് അമ്പുമില്ല ഒളിയുമില്ലെന്ന നിലയില് ആരുടെയോ അടുക്കളയില് പായവിരിച്ച് ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രം വിളമ്പിയിരിക്കുന്നതു കണ്ടോ? കിളിക്കെങ്ങിനെ ഹാലിളകാതിരിക്കും. എത്രയായാലും കിളിക്ക് അഭിപ്രായമോ അഭിപ്രായക്കെടോ ഒക്കെ ഒണ്ടായിരുന്നതാണേലും നിന്നനില്‍പ്പിലങ്ങിനെ ഇല്ലാണ്ടാവ്വാന്ന്വെച്ചാല് സഹിക്ക്വോ?

ബ്ലോഗിന്റെ സര്‍വ്വവിധ സാധ്യതകളേക്കുറിച്ചും എന്തു ബോധവാനായിരുന്നിട്ടും ഈ പൂട്ടിക്കെട്ടല്‍(ഒരു തരത്തില്‍) എന്തിനാണെന്ന് ചിന്തിച്ചിട്ട് കിളിക്കൊട്ടും പിടി കിട്ടുന്നില്ല. ആരേലും കയറി വിമര്‍ശിച്ചാലാണല്ലോ ബൂലോക സിങ്കങ്ങള്‍ പൊതുവേ ആത്മഹത്യാഫീഷണി മുഴക്കാറ്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ കിളി പിന്നെയും കുഴങ്ങുന്നു. വെടിവെപ്പുകാരന്റെ പട്ടി ഉടുക്കുകൊട്ടു കേട്ടു പേടിക്കുമോ? ഓഹ് ചെലപ്പം കിളിക്ക് തെറ്റ്യേതാവനും വഴിയുണ്ട്. ഗൂഗിളില്‍ സെര്‍ച്ചി ഡാറ്റകൊണ്ട് കളിക്കുന്നത് കണ്ട് കിളി തെറ്റിദ്ധരിച്ചതു തന്നേ ആവോ? എന്തരായാലും കഴിഞ്ഞ മൂന്നാലു പോസ്റ്റുകളില്‍
ചില താപ്പുമാര്‍ കയറിനിരങ്ങിയതത് കിളിയും കണ്ടിരുന്നു. അതിനൊക്കെ ഇങ്ങനെ പിണങ്ങിയാല് എന്തരണ്ണാ മാരീചാ, നമ്മളൊക്കെ പ്രായപൂത്ത്ര്യായോരാന്ന് പറയാന്‍ നാണം വര്ണ്.

ഏയ് അങ്ങിനെയാകാന്‍ തരമില്ലെന്ന് കിളിക്കൊറപ്പുണ്ട്. അണ്ണന് അതൊക്കെ താങ്ങാനുള്ള ചങ്കൂറ്റമൊണ്ടെന്ന് കിളി വിശ്വസിച്ചു പോയി. ഉള്ളിലുറച്ചു പോയ ചില വിശ്വാസങ്ങളെ അത്ര പെട്ടെന്നുന്നും പറിച്ചുകളയാന്‍ കഴിവുള്ളവനല്ല കിളി. കിളിയുടെ കഴിവില്ലായ്മ.

അങ്ങിനെ ചിന്തിച്ചിരിക്കുമ്പഴാണ് കിളിക്ക് വിളിവന്നത്. ബ്ലോഗിലെ പാര്‍ട്ടി ഔദ്യോഗികപക്ഷത്തിന്റെ നാക്കാണ് മാരീചനെന്ന് ആരാണ്ടൊക്കെ പറഞ്ഞുകേട്ടതും വെച്ച് കിളി ഒരന്വേഷണത്തിനിറങ്ങി. പാവം കിളി, കിളിയുടെ അനേഷണം കിളിയുടെ ഠാ വട്ടത്തിലല്ലേ കിടന്നു കറങ്ങൂ. അങ്ങിനെ കിളി കിളിയെ തന്നെ ചോദ്യം ചെയ്ത് കിളി തന്നെ ഉത്തരം കണ്ടു പിടിക്കുന്ന പുതിയ തരം ഇന്‍‌വെസ്റ്റിഗേഷനില്‍ നിന്നും കിളി ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നു. ‘വെളുക്കാന്‍ തേച്ചിട്ട് പാണ്ട്ണ്ടാക്കണ അന്റെ ബെടക്ക് നാക്ക് ഇജ്ജ്യൊന്ന് പൂട്ട്...’ ന്ന് ഔദ്യോഗിക പക്ഷത്തിന്റെ ശാസന വന്നെന്നാണ് കിളി നിഗമിച്ചത്.


എന്തരായാലും അണ്ണാ കിളിക്കിത്രയേ പറയാനുള്ളൂ

നിങ്ങളെപ്പോലുള്ളവര്‍ മതിയാക്കിപ്പോകരുത്. അത് ബ്ലോഗിന് തീരാ‍നഷ്ടമാകും.
ജീവിതം ഒരു വെള്ളിയാഴ്ചകൊണ്ട് തീരുന്നതല്ല (ഉപദേശിക്കാന്ന് കരുതരുത്)
ഒരു താപ്പുവോ കാളിദാസനോ വിമര്‍ശിക്കുമ്പോഴേക്കും ഊരിവെക്കാനുള്ളതാണോ നമ്മുടെയൊക്കെ അണ്ടര്‍‌വെയ.... ശേ! ആവനാഴി.

പോട്ടെ അളിയാ, അല്ല മാരീചാ, തിരിച്ചു വാ... ഇനിയാരും വിമര്‍ശിക്കില്ല. ഒറപ്പ്.



ടേബിള്‍ടോക്ക് : പാവം നല്ലവനായിരുന്നു. ചത്തുപോയി!

Saturday, May 10, 2008

കിളി

“എന്നാ, കിളിയേ!”
“എന്താന്താ, ഏത്തോ!”
“ഇദെത്ക്കെടാ തലയി മെളക് മരം?”
“പെന്ന് തതും”
“നിന്നെ അയ്യ പണ്ടാരങ്ങള് പറഞ്ഞ് വടിപിടിപ്പിച്ചതല്ലേ, പൊട്ടച്ചങ്ക്രാന്തിയേ! ഈയ് കുടുമ വെച്ചാ വരറ പെണ്ണും പുഗ്ഗം. നീയ് തല വടിവേ. അപ്പത്താന്‍ ഫൌറാര്ക്കം. അന്ത അപ്പാ മുത്തണ്ണനോടെ തലയെ പാര്.”
....
“വടിച്ച്ക്കോ,ഡാ”
“പെന്ന് തത്വോ”
“പെണ്ണ് തരുംന്ന് പത്ക്യോ! നീ തലവടിച്ച്ങ്ങാണ്ട് അയ് മൈമൂനാക്കനോട് പോയി ചോതീ നിന്നെ കെട്ട്വോ ന്ന്”