Friday, November 27, 2009

ഐ.ടി നിയമം ആരുടെ അച്ഛന്റേതാണ്??

ദേശാഭിമാനിയില്‍ പണിയെടുക്കുന്ന ഒരു എഴുത്തു തൊഴിലാളിയുടെ ബ്ലോഗില്‍ ഈ അടുത്തൊരു ഫീഷണി കണ്ടു. കിളിക്ക് നേതാവെന്നു തോന്നാത്ത (സഖാവ്, നേതാവ് ഇതിനൊക്കെ കിളി ചിലരെ മനസില്‍ പ്രതിഷ്ടിച്ചു പോയതിന്റെ കുഴപ്പം) ഒരു നേതാവിന്റെ വീടിന്റെ പടമാണെന്നു പറഞ്ഞ് ഏതോ പടം നെറ്റില്‍ കറങ്ങി നടന്നതിന്റെ തെളിവുശേഖരണോദ്ദേശ്യാര്‍ത്ഥം, ഞാന്‍ മാത്രം ബുദ്ധിയുള്ളവന്‍ മറ്റുള്ളവരൊക്കെ വിഡ്ഢി എന്ന സിപീ‌എമ്മിയന്‍ പൊതുധാരണപ്രകാരം പോസ്റ്റു ചെയ്ത ഒന്ന്. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവന്റെ, അവന്റെ ആശ്രിതന്മാരുടെ ഒക്കെ ഉത്കണ്ടകള്‍, കണ്ണില്‍ പൊടിയിടീലുകള്‍ ഒക്കെ കിളിക്കു മനസ്സിലാകും. അതുകൊണ്ടു തന്നെ കിളി അവഗണിച്ച ഒരു പോസ്റ്റ്.

എന്നാല്‍ ഇപ്പോള്‍ കിളിയെ പ്രകോപിപ്പിച്ചത് പ്രസ്തുത പോസ്റ്റില്‍ വന്ന ഒരു കമന്റാണ്. ഐടി നിയമവും മറ്റ് അത്തി, ഇത്തി, അരയാല്, പേരാല് മുതലായവയൊക്കെ വിശദമാക്കി നെറ്റ് ഉപയോക്താക്കളെ വരച്ച വരയില്‍ നിര്‍ത്താനുള്ള പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ ഭാഗമായ പോസ്റ്റില്‍ വന്ന ഒരു പച്ചത്തെറികമന്റ് മലയാളം ബ്ലോഗില്‍ ഏറെക്കാലമായി മാന്യമായി ബ്ലോഗുചെയ്യുന്ന ഒരു ബ്ലോഗറെ അത്യധികം ആക്ഷേപിക്കുന്നതാണ്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ പ്രകൃയകളും കുറഞ്ഞവാക്കുകള്‍ ഉപയോഗിച്ച് വിശദീകരിക്കുന്ന പ്രസ്തുതകമന്റ് (കൂടാതെ ആ കന്റിട്ടയാളുടെ വീട്ടുവിശേഷങ്ങളും, മറ്റൊരാളില്‍ ആരോപിച്ചുകേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരിതിന് കൂട്ടിച്ചേര്‍ത്തത്) അവിടെ തന്നെ നിലനിര്‍ത്തിയ ഈ ബ്ലോഗറെപ്പോലുള്ളവരെ എന്തു പേരിട്ട് വിളിക്കണം എന്ന് നിങ്ങള്‍ ഊഹിച്ചു പോയത് എന്റെ തെറ്റല്ല. പി.എം മനോജ് എന്ന ആ ബ്ലോഗര്‍ക്ക് നിയമങ്ങള്‍ അധികാരത്തെ
സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും ഏതുകാലത്തും താന്‍ വിശ്വസിക്കുന്ന പാര്‍ടി അധികാരത്തിലുണ്ടാകുമെന്നും തനിക്ക് ഏതുകാലവും ദേശാഭിമാനിയില്‍ പണിയുണ്ടാകുമെന്നും വിശ്വസിക്കാനുള്ള അവകാശമുള്ളതുപോലെ അതങ്ങിനെ തന്നെ ആയിരിക്കണമെന്നില്ല എന്ന് ഓര്‍മ്മിപ്പിക്കുവാനുള്ള അവകാശം കിളിയും ഉപയോഗിക്കുകയാണ് ഇവിടെ.

താത്പര്യം ഇല്ലാതിരുന്ന ഒരു വിഷയത്തില്‍ ഇടപെടേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും പണ്ട് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നത് ഓര്‍ത്തുകൊണ്ട്

ആദ്യം അവര്‍ ജൂതരെ തേടിവന്നു; ഞാന്‍ ശബ്ദിച്ചില്ല,
കാരണം ഞാനൊരു ജൂതനല്ലായിരുന്നു;
പിന്നീട്‌ അവര്‍ കമ്യൂണിസ്റ്റുകളെ തേടിവന്നു;
ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു;
പിന്നെ അവര്‍ ട്രേഡ്‌യൂനിയന്‍കാരെ തേടിവന്നു,
ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു ട്രേഡ്‌യൂനിയന്‍കാരനല്ലായിരുന്നു;
പിന്നീട്‌ അവര്‍ എന്നെത്തേടിവന്നു,
പക്ഷേ, അപ്പോള്‍ എനിക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ആരും ശേഷിച്ചിരുന്നില്ല.

അടങ്ങുകിളീ, അടങ്ങ്... റിവേഴ്സ് ഗിയറിന്റെ കാലമാണെന്ന് കിളീന്റെ മാഷ് ഉപദേശിച്ചിട്ടും...